ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ മൂടിവയ്ക്കാൻ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും രാജ്യത്തോട് മറുപടി പറയണമെന്നു കോണ്ഗ്രസ്.
2018ൽ എൻടിഎ (ദേശീയ പരീക്ഷാ ഏജൻസി) രൂപീകരിച്ചതുമുതൽ നടത്തിയ പരീക്ഷകളിലെ ക്രമക്കേടുകൾ മറച്ചുവയ്ക്കാൻ മോദിസർക്കാർ പരീക്ഷാമാഫിയകളുമായി ഒത്തുകളിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.
പരീക്ഷാപേപ്പർ ചോർന്നിട്ടില്ലെന്ന് എൻടിഎ ഡയറക്ടർ ജനറൽ പാർലമെന്ററി സമിതിയെ അറിയിച്ചുവെന്ന റിപ്പോർട്ടിനു പിന്നാലെയാണ് കേന്ദ്രസർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കോണ്ഗ്രസ് മാധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയ്റാം രമേശ് രംഗത്തെത്തിയത്.
പരീക്ഷയ്ക്ക് മുന്പുതന്നെ യഥാർഥ ചോദ്യപേപ്പറിലെ നിരവധി ചോദ്യങ്ങളടങ്ങിയ മാതൃകാ ചോദ്യങ്ങൾ വിദ്യാർഥികൾക്കിടയിൽ പ്രചരിച്ചുവെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് ചോദ്യപേപ്പർ ചോർച്ച സംഭവിച്ചിട്ടില്ലെന്ന് എൻടിഎ ഉദ്യോഗസ്ഥർ നുണ പറഞ്ഞതെന്ന് കോണ്ഗ്രസ് ആരോപിച്ചു. എൻടിഎ എന്നത് യുവാക്കൾക്കിടയിൽ ‘നാഷണൽ ട്രോമ ഏജൻസി’ ആയി മാറിയിരിക്കുകയാണെന്നും ജയ്റാം രമേശ് ആക്ഷേപിച്ചു.
2024ലെ നീറ്റ് പരീക്ഷയിൽ സംഭവിച്ച ക്രമക്കേട് മറച്ചുവയ്ക്കാൻ ബിജെപി സർക്കാർ ശ്രമിച്ചു. അന്ന് കുറ്റവാളികൾക്കെതിരേ നടപടിയെടുത്തിരുന്നെങ്കിൽ ഇപ്പോഴത്തെ ക്രമക്കേട് ഒഴിവാക്കാൻ സാധിക്കുമായിരുന്നു.
2024ൽ തട്ടിപ്പിന്റെ കേന്ദ്രങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ട രാജസ്ഥാനിലെ സിക്കർ പോലുള്ള സ്ഥലങ്ങൾതന്നെയാണ് ഈ വർഷത്തെ അഴിമതിയിലും ഉൾപ്പെട്ടിരിക്കുന്നത്.
കൂടാതെ അന്ന് എൻടിഎതന്നെ റദ്ദാക്കിയ 2024ലെ യുജിസി നെറ്റ് പരീക്ഷയിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നു പറഞ്ഞ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചതും ഈ ഒത്തുകളിയുടെ ഭാഗമാണ്- ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.